പതിവുപോലെ ഇന്നും രാവിലെ പള്ളി കഴിഞ്ഞു ആമ്പക്കാടൻ കിണറിന്റെ അവിടേക്കു, അങ്ങാടിയിലൂടെ നടന്നു! ഹോട്ടൽ ന്യൂ ഗോപിയിൽ പോയി ഒരു ചായ കുടിക്കുന്നത് ഇപ്പൊ ഒരു പതിവായി. ഇന്ന് പ്രാതലിനു വീട്ടിൽ ഉപ്പുമാവ് ണ്ടെന്നു പറഞ്ഞ കാരണം വെറും ഒരു ചായയിൽ ഒതുക്കി! പാർസൽ വേണ്ടേ എന്ന് പരിചയമുള്ള വെയ്റ്റർ ചോദിച്ചപ്പോൾ, ങ്ങും ങ്ങും എന്ന് തലയാട്ടികൊണ്ട് പറഞ്ഞു!
തിരിച്ചു വീട്ടിലേക്കു നടക്കുമ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചു നോക്കീത്. ഫുട്ട്പാത്തിൽ നിറയെ പൂക്കൾ! മതിലിനപ്പുറത്തുള്ള മരത്തിൽ നിന്നും കൊഴിഞ്ഞു വീണു കിടക്കുന്നതാ! മുല്ലയല്ല, നന്ത്യാർവട്ടം ആണെന്നാണ് തോന്നുന്നത് !

ഓർമ്മകൾ ചിറകടിച്ചു അതിവേഗം പിന്നോട്ടു പാഞ്ഞു!
ഓട്ടുപാറ അടുത്ത് കോരല്ലൂർ (കുമരനെല്ലൂർ)! അപ്പാപ്പൻ ഞങ്ങളെ തറവാട്ടിൽനിന്നും മാറ്റി താമസിച്ച വീട്! ഒരു ഓടിട്ട പെരയും പറമ്പും!പറമ്പിലെ തേക്കും തിരിയും ഒക്കെ നല്ല ഓർമ്മകൾ! കാലത്തു തന്നെ ഡാഡി മോട്ടറിട്ട് കൈക്കോട്ടുമായി പറമ്പിൽ ഇറങ്ങും, കടവാങ്ങിയ തെങ്ങിന്റെ ചുവട്ടിലേക്ക് ഉള്ള ചാലുകൾ തുറക്കാനും, തെങ്ങിന്റെ കടയ്ക്ക് ചുറ്റും വെള്ളം നിറയുമ്പോൾ മണ്ണിട്ട് ചാല് അടക്കാനും, വെള്ളം തിരിച്ചു വിടാനും! അത് കഴിഞ്ഞേ മെഡിക്കൽ ഷോപ്പ് തുറക്കാൻ പോകു! ഞാനും കൗതുകത്തോടെ ഇടക്കൊക്കെ കൂടെ ഇറങ്ങും, വെള്ളം തിരിക്കാൻ!
വിഷയത്തിലേക്കു വരാം, വീടിന്റെ പടിയുടെ സൈഡിൽ ഒരു ചെറിയ മരം ഉണ്ടായിരുന്നു, അത് നിറച്ചും പൂക്കളും! ആ പൂക്കളും മുൻപ് കണ്ടത് പോലെ മുറ്റം നിറയെ വീണു കിടക്കുമായിരുന്നു! അത് ഇതിലും ഭംഗിയുണ്ടായിയുന്നു, ഓറഞ്ചു തണ്ടുള്ള വെളുത്ത പൂക്കളുള്ള, പാരിജാതം! നല്ല മണവും!

വീട്ടിലെ റെക്കോർഡ് പ്ലെയറിലെ യേശുദാസിന്റെ പാട്ട് അന്ന് കേട്ടിരുന്നെങ്കിലും, നൊസ്റ്റാൾജിയ ഇപ്പോഴാണ് തോന്നുന്നത്!
പാരിജാതം തിരുമിഴി തുറന്നു..🎵
പവിഴമുന്തിരി പൂത്തു വിടർന്നു..🎼
നീലോൽപലമിഴി നീലോൽപലമിഴി..👁️
നീമാത്രമെന്തിനുറങ്ങി?
മുറ്റമടിക്കുന്നവർക്കു അത് ഒരു തലവേദനയായിരുന്നെങ്കിലും, എനിക്ക്, പടർന്നു പന്തലിച്ചുനിന്നിരുന്ന ആ ചെടി ഒരു ഹണ്ടിങ് ഗ്രൗണ്ട് കൂടിയായിരുന്നു! തേൻ കുടിക്കാൻ വരുന്ന ചെറിയ കുരുവികൾ, ആ പാവം കിളികളെ കേബെൽറ്റ് (കവണ) കൊണ്ട് അടിച്ചു വീഴ്ത്തൽ ഒരു വിനോദമായിരുന്നു, അതി ക്രൂരമായിരുന്നു അത് എന്ന് തിരിച്ചറിഞ്ഞു, പിന്നീട് മനസ്സ് വേദനിച്ചിട്ടുണ്ട്, മറ്റു പല കാര്യങ്ങളെയും പോലെ! തിരിച്ചറിവ് പലപ്പോഴും പിന്നീടാണല്ലോ വരിക!🙏

കുറെ നാളുകൾക്കു മുൻപ് ജോലി സംബന്ധമായി അമേരിക്കയിലെ സിയാറ്റിൽ പോയപ്പോൾ വളരെ മനോഹരമായ ദൃശ്യങ്ങൾ കണ്ടിട്ടുണ്ട്. പക്ഷെ അതൊക്കെ സീസണൽ ആയിരുന്നു! ഇവിടുത്തെയാണെങ്കിൽ എന്നും പൂക്കുമായിരുന്നു എന്നാണ് തോന്നുന്നത്! ശരിയാണോ ആവോ?!

വീണ്ടും കോരല്ലൂർക്കു ഒന്ന് തിരിച്ചു പോയാലോ?
വീടിനു മുൻപിൽ മണ്ണാന്മാരുടെ (വസ്‌ത്രം അലക്കുന്നത് ആണവരുടെ മുഖ്യ തൊഴിൽ) ഒരു ചെറിയ കോളനി ഉണ്ടായിരുന്നു! അവിടെത്തെ ക്ടാങ്ങള് എന്റെ ബാല്യകാല കളികൂട്ടുകാരും! ചൊട്ടയും മാണിയും, ഏറു പന്ത്, ടങ്കിസ് കളി, ഒളിച്ചു കളി, കള്ളനും പോലീസും… ഓട്ടവും ചാട്ടവും ആകെ ഒരു ബഹളമായിരുന്നു!
അവരുടെ ചില ആചാരങ്ങൾ വളരെ കൗതുകമുയർത്തുന്നതായിരുന്നു! ഉത്രാളി പൂരം സീസണിൽ അവർ പൂതനും തറയും കെട്ടി വീടുതോറും കേറി ആടും! നല്ലരസമായിരുന്നു കാണാൻ! അതിന്റെ താളത്തിലുള്ള കൊട്ട് എനിക്ക് ഇപ്പോഴും അറിയാം!

വര്ഷങ്ങൾക്ക് ഉത്രാളിക്കാവ് പൂരം കാണാൻ പോയപ്പോൾ ഞാൻ പഴയ വീടിന്റെ പരിസരത്തു പോയി കുറെ പേരെ കണ്ടിരുന്നു! ഇപ്പോഴും അവരുടെ വീടുകൾക്ക് വലിയ മാറ്റം ഒന്നും ഇല്ല! ഒരു കളിക്കൂട്ടുകാരന്റെ കുഞ്ഞനുജൻ കലാമണ്ഡലത്തിൽ കഥകളി പോലുള്ള കലാരൂപങ്ങൾക്കു ചുട്ടി കുത്തൽ പഠിച്ചു! അവനിപ്പോൾ കാണാത്ത രാജ്യങ്ങൾ ഇല്ല്യാത്രേ, ട്രൂപ്പുകളുടെ കൂടെ ടൂറ്‍!

മൂക്കാൻ ചാത്തൻ, കുതിര, വെളിച്ചപ്പാട്, കൂടാതെ അവിടത്തെ തെയ്യങ്ങളൊക്കെ വെച്ച് നോക്കിയാൽ ഉത്രാളിക്കാവ് പൂരം, തൃശൂർ പൂരത്തേക്കാൾ കളർഫുൾ ആണ്. വെടിക്കെട്ടും ഒട്ടും മോശമല്ല! അതും മൂന്നു പാർട്ടികൾ തമ്മിലെ വാശിയേറിയ മത്സരം. വിശാലമായ പാടത്താണ് അമ്പലവും, അനുബന്ധ പരിപാടികളും! പിന്നെ, അധികമകലെയല്ലാതെ റെയിൽ പാളങ്ങളും, ഇടക്കിടക്ക് അങ്ങോട്ടും ഇങ്ങോട്ടും കടന്നു പോകുന്ന തീവണ്ടികളും! ഇപ്പോൾ പിന്നെ തൃശൂർ പൂരത്തിന്റെ സീസണിലെ പോലെ, എക്സിബിഷനും! കാണേണ്ട പൂരം തന്നെയാണതും! ഇതൊക്ക പറഞ്ഞതറിയാതെയും അറിഞ്ഞും, നേരിൽ കണ്ടു തന്നെ ശരിക്കും അറിഞ്ഞോളൂ ട്ടാ! 😃
ഇന്നിനി ഇത് പോരെ? പിന്നെ കാണാം! 👍
Kindly post your comments.🙏
Leave a comment