AInickal

കാണാമറയത്ത്!

ഇന്ന് ചൊവ്വാഴ്ച്ച, ലത്തീൻ പള്ളിയിൽ പോയി, അന്തോണീസ് പുണ്യാളന്റെ പ്രാർത്ഥന കഴിഞ്ഞു, തിരിച്ച്. അരി അങ്ങാടിയിൽക്കൂടെ വീട്ടിലേക്കു നടക്കുകയായിരുന്നു. ആരോ വിളിക്കുന്നകേട്ട് നോക്കിയപ്പൊ, ചുമട്ടു തൊഴിലാളികളുടെ നീല ഷർട്ടും കള്ളിമുണ്ടും ധരിച്ച അപരിചിതനായ ഒരാൾ! റോഡിന്റെ സൈഡ് ലേക്ക് മാറിനിന്നപ്പോൾ, അയാൾ അടുത്ത് വന്നു. രണ്ടു മൂന്നു പല്ലു പോയകാരണം ആയിരിക്കും അയാളൊരു വയസ്സനെപ്പോലെ തോന്നിച്ചു.

ഇങ്ങള്‌ വടക്കാഞ്ചേരിക്കാരനല്ലേ? അതെ.
ബേബിയേട്ടന്റെ? അതെ, മകൻ!

ഇങ്ങക്ക് ആളെ മനസ്സിലായില്ലാല്ലേ?

ഇല്ല്യ! ഞാൻ ഒന്നും കൂടി ഓർമ്മിക്കാൻ ശ്രമിച്ചു, രക്ഷയില്ല!
ഇങ്ങള് കോൺവെന്റിൽ പഠിച്ചതല്ലേ?

അതെ, അഞ്ച് ആറ് ഏഴ്!
ഞാൻ ഇങ്ങടെ കൂടെ പഠിച്ചതാ!

ആണോ?! പേരെന്താ, ഒരു ജാള്യതയോടെ ഞാൻ ചോദിച്ചു.

ഞാൻ ഹുസ്സൈൻ!
സോറി, മുഖം ഓർമ്മ വരുന്നില്ല!
അത് കൊഴപ്പില്ല്യ. ബേബിയേട്ടൻ പറഞ്ഞിണ്ടു, അവൻ അമേരിക്കയിൽ ആണെന്ന്! അവിടേക്കു ബേബിയേട്ടനും പോണൂന്നും പറഞ്ഞിരുന്നു.
ആ, അവിടെ കുറച്ചു നാളുണ്ടായിരുന്നു, പിന്നെ കുറേക്കാലം തിരൊന്ത്രത്തായിരുന്നു! ഇപ്പൊ തൃശ്ശൂർക്ക് മാറിയതേ ഉള്ളു!
ബേബ്യേട്ടന്റെ ഒരു ചെറിയ ഛായ ഉണ്ട്ട്ടാ!
ഞാൻ ഒന്ന് ചിരിച്ചു, ഈയടുത്ത് വേറൊരാളും കൂടി അത് പറഞ്ഞിരുന്നു.
അമ്മ?
എന്റെ കൂടെ ഉണ്ട്!
ഇപ്പൊ വണ്ണമൊക്കെ കുറഞ്ഞോ? പള്ളീപോകുമ്പോ കണ്ടിട്ടുണ്ട്!
അത്രയ്ക്ക് വണ്ണമൊന്നും അന്നില്ലാരുന്നല്ലോ!
സിസ്റ്ററോ?
ഇവിടീണ്ട്, കാളത്തോട്!

ഹുസ്സൈൻ എന്താ ഇവിടെ ?
ഞാൻ അരി അങ്ങാടിയിലെ ഒരു പീടികയിലായിരുന്നു. പിന്നെ യൂണിയനിൽ ചേർന്ന് കുറേക്കാലം ഇവിടെതന്നെ ആയിരുന്നു ജോലി.
താമസം വടക്കാഞ്ചേരിയിൽ തന്നെ, ഗേൾസ് സ്കൂളിന്റെ അപ്രത്തെ സൈഡ്ലെ വഴി! എല്ലാദൂസവും ഇവിടെ വരും.

ഞങ്ങളുടെ അവിടത്തെ തറവാട് സ്ഥലം കഴിഞ്ഞ കൊല്ലം വിറ്റു, ഇപ്പൊ തൃശ്ശൂരാ! വന്നതെയ് ഉള്ളു!

പിള്ളേരൊക്ക്യാ?

മോൻ അത്താണിയിൽ സിൽക്കിലാ, മോളെ കെട്ടിച്ചു വിട്ടു! ഇങ്ങട്യാ?
പെങ്കുട്യോളാ, രണ്ടും പൊറത്താ!
ഇങ്ങള് ആ പെട്ടിം പിടിച്ചു സ്‌കൂളിലേക്ക് വരുന്നത്, യ്ക്കു നല്ല ഓർമ്മീണ്ട്!
എനിക്ക് ആശ്ചര്യം തോന്നി, കുറേ നാളുകൾക്കു ശേഷം ഒരു സുഹൃത്തിനെ ഫേസ്ബുക്കിൽ തേടി പിടിച്ചപ്പോൾ അവൻ പറഞ്ഞതും ഇതാ, പെട്ടിയും പിടിച്ചു സ്‌കൂളിൽ വന്നിരുന്ന ചുരുക്കം ചില ക്ടാങ്ങളിൽ ഞാനും ണ്ടാർന്നൂത്രേ!
അതൊരു അലുമിനിയം പെട്ടി ആയിരുന്നൂർന്നാ എന്റെ ഓർമ്മ!
അവരതു എന്റെ ഒരു ഐഡന്റിറ്റി ആയി ഇപ്പോഴും ഒരു ഓർമ്മയായി മനസ്സിൽ സൂക്ഷിച്ചിരിക്കുന്നു!
ഒരു പക്ഷെ, അന്നതാ കുട്ടികൾ അത്രയ്ക്ക് ആഗ്രഹിച്ചു കാണുമായിരിക്കും!

ഇനി ഇപ്പൊ ഇടക്ക് ഇവിടെന്ന്യെ കാണാലോ!
സൗഹൃദം പങ്കിട്ടു, പിരിഞ്ഞു!

ഡാ, ഞാൻ പറഞ്ഞ ആളെന്ന്യാട്ടാ!

പിന്നിൽ നിന്നും മ്മടെ ഹുസ്സൈൻ, മൂപ്പരുടെ ഒരു കക്ഷിയോട് വിളിച്ചു പറയുന്നത് കേട്ടു!

Comments

3 responses to “കാണാമറയത്ത്!”

  1. scrumptiousb05c2ea1bb Avatar
    scrumptiousb05c2ea1bb

    😁

    Liked by 1 person

  2. inquisitivelytremendous0a846078e5 Avatar
    inquisitivelytremendous0a846078e5

    good to read with Thrissur slag.

    Like

  3. Pinto Ainickal Avatar

    Comments please, to allow me to improve.🙏

    Like

Leave a comment