AInickal

പാടവും പഴങ്കഥയും!

കഴിഞ്ഞ മൂന്നു ദിവസമായി ഞങ്ങൾ തൃശ്ശൂര് ഉണ്ട്, ഒരു ആവശ്യത്തിന് വന്നതാ! പതിവുപോലെ ഇന്നും ഞാൻ ഉച്ചതിരിഞ്ഞു അഞ്ചേകാലിനു ഭാര്യയുടെ വീടിന്റെ അടുത്തുള്ള പാടത്തേക്കു നടക്കാനിറങ്ങി! നിറഞ്ഞുകിടക്കുന്ന കുളവും, അതിലെ പായലിന്റെ ഭംഗിയും നോക്കി കുറച്ചു നേരം കുളത്തിന്റെ അരികിലെ കല്ലിന്മേൽ ഇരുന്നു.

അപ്പോൾ, ഒരു അപ്പാപ്പൻ തന്റെ കൊച്ചു മോളെയും കൂട്ടി എന്റെ പിന്നിലൂടെ നടന്നു പോകുന്നുണ്ടായിരുന്നു. എങ്കിലും ഞാൻ അത്ര ശ്രദ്ധിച്ചില്ലാരുന്നു!

പക്ഷെ അപ്പാപ്പൻ തിരിഞ്ഞു എന്നോട് ചോദിച്ചു, ഈ വീട്ടിലെ മരുമകനല്ലേ?

അതെ എന്ന് ഞാൻ പറഞ്ഞു.

മൂത്ത ആളാണോ? എവിടെയാ?

തിരുവനന്തപുരം!

ഓ! ടെക്നോപാർക്കിൽ ആണല്ലേ?

അതെ എന്നും ഞാൻ, ബേസിക്കലി ഒരു വടക്കാഞ്ചേരിക്കാരനാണ് എന്നും മറുപടി കൊടുത്തു!

എന്നെ ഇവിടുത്തെ മമ്മിക്കു പറഞ്ഞാൽ അറിയും! ഈ കാണുന്ന പാടം എല്ലാം എന്റെ ആണ്.

ഓ, അത് ശരി! എനിക്കാ മനുഷ്യനോട് ബഹുമാനം തോന്നി!

ഞാൻ പറഞ്ഞു, വളരെ വൃത്തിയായി കൃഷി ചെയ്തിട്ടിരിക്കുന്നു. ഇവിടെ വരുമ്പോഴെല്ലാം ഞാൻ ഈ മനോഹാരിത ആസ്വദിക്കാറുണ്ട്, ഫോട്ടോയും എടുക്കാറുണ്ട്.

അതെയോ?! ഞാൻ ഈ പാടങ്ങളൊന്നും വേറെ ആൾക്കാർക്ക് കൃഷി ചെയ്യാൻ കൊടുക്കാറില്ല!

എന്റെ അപ്പാപ്പനും അടാട്ട് കോൾപാടത്തു നെൽകൃഷി ഉണ്ടായിരുന്നു! അഭിമാനത്തോടെ ഞാൻ പറഞ്ഞു. അതൊരു കാലം!

അപ്പോഴയാൾ പറഞ്ഞു, ഈ പാടങ്ങളെല്ലാം ഒരിക്കൽ നിങ്ങളുടെ ആയിരുന്നു!

മുത്തപ്പാപ്പന്മാരായി, ഞങ്ങൾക്ക് ഇവിടെ കൃഷി ചെയ്യാൻ പണ്ട് ഈ പാടമെല്ലാം തന്നതായിരുന്നു, പാട്ടത്തിന്!

ഇ ഏം എസ് മന്ത്രിസഭയുടെ ഭരണകാലത്തു ഭൂപരിഷ്‌ക്കരണനിയമം വന്നപ്പോൾ, ഇതൊക്കെ ഞങ്ങളുടേതായി!

ഓ! ഞങ്ങൾ കൊയ്യും വയലെല്ലാം ഞങ്ങളുടേതാകും! പിന്നെ അതിനു ശേഷം, വിമോചന സമരകാലം!

അതെ അതെ! അയാൾ പറഞ്ഞു.

ഈ വയലിനപ്പുറത്തും സ്ഥലം നിങ്ങളുടേതായിരുന്നു, എന്ന് വെച്ചാ, അവിടത്തെ അമ്മാമേടെ പേരിൽ ആയിരുന്നു!

കമ്മ്യൂണിസ്റ്റ് ഭരണം അയാളുടെ പൂർവികർക്കു തുണയായി! അയാൾക്കും, പിന്നെ അയാളുടെ കുടുംബത്തിനും!

അപ്പോൾ ഞാൻ അമ്മാമയെ ഓർത്തു, അപ്പാപ്പനേയും! പക്ഷെ അമ്മാമയെക്കാൾ കൂടുതൽ ആലോചിച്ചത് അമ്മാമേടെ അപ്പനെ പറ്റി ആയിരുന്നു! ആ കാർന്നോരാണല്ലോ അമ്മാമക്ക് ഈ സ്വത്തുക്കൾ എല്ലാം എഴുതികൊടുത്തത്!

🙏

അയാൾ കൊച്ചുമകളെയും കൂട്ടി തിരിഞ്ഞു നടക്കാനൊരുങ്ങി!
കാറ് കഴുകുമ്പോൾ ഒന്ന് വീണു! ഡോക്ടർ നടക്കാൻ പറഞ്ഞിരിക്ക്യാ!
അപ്പോഴാണ് ഞാൻ അയാളുടെ ഇടത്കാലിലെ ഒരു ടൈപ്പ് സോക്സ്‌ ശ്രദ്ധിച്ചതും, മൂപ്പര് നടക്കുമ്പോൾ ഉള്ള ചെറിയ ഞൊണ്ടലും കണ്ടത്!

ഞാൻ അയാളുടെ പിന്നാലെ കുറച്ചു ദൂരം പോയി.
മൂപ്പര്, പാടം കഴിഞ്ഞ ഉടൻ വലതു വശത്തുള്ള വലിയ ഒരു വീട്ടിലേക്കു കയറി പോയി, പടിക്കു പുറത്തു തന്നെ മൂപ്പരുടെ ഭാര്യ നിൽക്കുന്നുണ്ടായിരുന്നു, കൊച്ചുമോളോട്, റോഡിന്റെ സൈഡിലേക്ക് മാറി നടക്കാൻ പറഞ്ഞുകൊണ്ട്!
ഞാനും റോഡിന്റെ ചാരത്തുകൂടി തിരിഞ്ഞു നടന്നു! 


ശുഭം. 🙏🏻

Comments

Leave a comment