അത് ഒരു ഒന്ന് ഒന്നര സിനിമാ തീയേറ്റർ തന്നെ ആണ്, അന്നും ഇന്നും!

70 എംഎം സ്ക്രീൻ, സ്റ്റീരിയോഫോണിക് സെവൻ ട്രാക്ക് സൗണ്ട് ആയിരുന്നു തുടങ്ങിയ കാലത്ത്! ‘ദി റോബോട്സ്’ എന്ന സംഗീതത്തിനൊപ്പം പതുക്കെ ഉയരുന്ന ചുവന്ന കർട്ടൻ ! 1974 ഓഗസ്റ്റിൽ തൃശ്ശൂരിൽ റിലീസ് ചെയ്ത അത്ഭുതമായിരുന്നു രാഗം എന്ന് പിന്നീടെപ്പോഴോ എവിടെയോ വായിച്ചിരുന്നതായി ഓർമ്മയിലുണ്ട്.

ലൊക്കേഷനോ ? തൃശ്ശൂര് റൗണ്ടിൽ തന്നെ! ഹോട്ടൽ ഭാരത് പിന്നെ പത്തൻസ് തൊട്ടടുത്ത്!




ആദ്യ സിനിമ നെല്ല്, ഞാൻ രണ്ടാമത്തെ സിനിമ ആണ് കണ്ടു തുടങ്ങിയത്, ബെൻഹർ! ചാൾട്ടൺ ഹേയ്സ്റ്റൻ! അതിലെ ഫേയ്മസ്, ചാരിയട്ട് റേസ് ! തീയേറ്റർ കുലുങ്ങി, പ്രേക്ഷകർ കിടുങ്ങി അത്രക്കു ഗംഭീരം ആയിരുന്നു വിഷ്വെൽസും സൗണ്ടും! പിന്നെ എത്ര എത്ര സിനിമകൾ! ഓർമ്മയിൽ നിന്നും മായാതെ നിൽക്കുന്ന ക്ലോസ് എൻകൗണ്ടെർസ് ഓഫ് ദി തേർഡ് കൈൻറ് (റിച്ചാർഡ് ഡ്രെഫ്യൂസ്), ദി മിഷൻ (റോബർട്ട് ഡി നീറോ), പിന്നെ ഇമ്മടെ ഷോലെ (ക്ലൈമാക്സ് സീനിൽ ബച്ചൻ ഹെഡ് ഓർ ഹെഡ് കോയിൻ ടോസ് ചെയ്യുന്നത്), മൈ ഡിയർ കുട്ടിച്ചാത്തൻ, ത്രീ ഡി(അതിലെ ഒരു സീനിൽ, നിലത്തു വീഴുന്ന സ്വർണ നാണയം സീറ്റുകൾക്കിടയിൽ വീണ പോലെ തോന്നിപ്പിച്ച ശബ്ദം!) അങ്ങിനെ പലതും..അടിപൊളി സിനിമകൾ!

ബാലചന്ദ്രമേനോന്റെ ‘ഉത്രാടരാത്രി’ ഓർമ്മയിലുണ്ട്! അന്നാണ് പ്രീ ഡിഗ്രി യുടെ ഫസ്റ്റ് ഇയർ റിസൾട്ട് വന്നത്! കോളേജിൽ പോയി നോക്കിയപ്പോൾ റിസൾട്ട് വന്നിട്ടുണ്ടായിരുന്നില്ല! അപ്പൊ അടുത്ത രണ്ടു മൂന്നു സുഹൃത്തുക്കളും ഒത്തു തൃശ്ശൂര് പോയി രാഗത്തിൽ സിനിമയ്ക്കു കയറി! സിനിമ കഴിഞ്ഞു എലൈറ്റിൽ നിന്നും ഒരു നൈറോയ്സ്റ്റും കാപ്പിയും കഴിച്ചു വീട്ടിൽ എത്തിയപ്പോ നേരം വൈകി. വീട്ടുകാരും അടുത്ത വീട്ടിലെ ആൾക്കാരും പുറത്തുണ്ടായിരുന്നു! എന്റെ റിസൾട്ട് അവർ അറിഞ്ഞിരുന്നു. ഒരു വിഷയം പോയിരിക്കുന്നു! നല്ലോണം പഠിക്കുന്ന കുട്ടിയായതുകൊണ്ടു (അത് നാട്ടുകാരുടെ അഭിപ്രായം!) വിഷമിച്ചു നാട് വിട്ടോന്നു അവർക്കു തോന്നീത്രെ! എനിക്ക് നല്ല പെട (അടി) കിട്ടി! വീട് വരെ എന്റെകൂടെ കൂട്ടിനു വന്ന സുഹൃത്തിനുഅടക്കം ചീത്തയും!
സപ്പ്ളി എഴുതിഎടുക്കാവുന്നതേ ഉള്ളു! ഇപ്പൊ ആലോചിക്കുമ്പോൾ ചിരി വരുന്നു 😁
വിഷയം മാറി! തിരിച്ചു വരാം! അപ്പൊ എന്താണ് പറഞ്ഞു വന്നത്? ആ..
ഏകദേശം രാഗം പോലെ ഉള്ള വേറെ ഒരു തിയേറ്റർ ഉള്ളത് ചാലക്കുടിയിലെ സുരഭി ആണ്. അത് പിന്നീട് ഡിഗ്രിക്ക് പഠിക്കുമ്പോൾ ആയിരുന്നു കണ്ടത്. പക്ഷെ രാഗം പോലെ രാഗം മാത്രമേ ഉള്ളു, അന്നും ഇന്നും!

എത്രയോ വര്ഷങ്ങള്ക്കു ശേഷം ഇന്ന് വീണ്ടും രാഗത്തിൽ! ആ ഫീലിംഗ് പറഞ്ഞാൽ മനസ്സിലാകില്ല! ഇന്നിപ്പോ സൗണ്ട്, ഡോൾബി അറ്റ് മോസ് ! തിരശശീല ഉയരുമ്പോൾ മ്യൂസിക് ‘മാൻ മെഷീൻ’! പണ്ടും അത് കേട്ടിട്ടുണ്ട്!

പടം കമൽ ഹാസ്സൻറെ ‘തഗ് ലൈഫ്’! എനിക്ക് ഇഷ്ടപ്പെട്ടു! ആരൊക്കെ എന്ത് പറഞ്ഞാലും. കഥയ്ക്ക് പുതുമ ഒന്നും ഇല്ല, പക്ഷെ മണി രത്‌നം ഇപ്പോഴും മൂപ്പരുടെ ടച്ച് വിട്ടിട്ടില്ല! എല്ലാരും നന്നായി അഭിനയിച്ചിട്ടും ഉണ്ട്! ദളപതി, നായകൻ,,,, ഉലകനായകൻ ഇതിലും കസറി, കലക്കി!

ഇന്റെർവെൽനു അളിയൻ കൗണ്ടറിൽ പോയി കായബജി വാങ്ങി വന്നു. വലുപ്പം ഉണ്ടെങ്കിലും രുചി പോരാ! പണ്ട് ഗിരിജ തിയേറ്ററില് കിട്ടുമായിരുന്ന ബജി ആണ് ബജി ! (ചെറുപ്പത്തിൽ, ഞാറാഴ്ചകളിൽ,പുത്തൻ പള്ളിയിൽ കുർബാന കഴിഞ്ഞു ജോസേട്ടൻ സൈക്കിളിൽ ഗിരിജയിൽ സിനിമക്ക് കൊണ്ടുപോകുമായിരുന്നു, അന്നത്തെ ബജിയുടെ രുചി ഇപ്പോഴും നാവിലുണ്ട്! നല്ല ചൂട് ബജി!)

നല്ല ഒരു അനുഭവം ! അടുത്ത കൊല്ലം തൃശ്ശൂർക്ക് വര്യല്ലേ! ഇനിയും കാണാലോ! സിനിമ കഴിഞ്ഞു. തല്ക്കാലം വീട്ടിൽ പോട്ടെ.

തിരിച്ചു വീട്ടിലെത്തിയിട്ടും കമൽ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു… രാഗവും!
Leave a comment